മനുഷ്യരായഎല്ലാവർക്കും അംഗീകാരം വളരെ പ്രധാനപ്പെട്ടതാണ്. ഏൽപ്പിച്ചിട്ടുള്ള ചുമതലകൾ നിർവഹിക്കുമ്പോൾ അംഗീകാരം ആഗ്രഹിക്കുന്നവരാണ് നാം ഓരോരുത്തരും. പലരും അർഹിക്കുന്നതിലും അപ്പുറം അംഗീകാരം ആഗ്രഹിക്കുന്നവരും ആണ്. അർഹതയയുള്ള പലരും അംഗീകാരം കിട്ടാതെ പോയിട്ടുള്ള ചരിത്രവും ഉണ്ട് .
ഉയർപ്പിന്റെ പെരുന്നാൾ ആഘോഷിക്കുന്ന ഈ സമയത്ത് അങ്ങനെ ഒരു കഥ കൂടി പറയുന്നത് ഉചിതം എന്ന് തോന്നി.
ലോകമെമ്പാടുമുള്ള ക്രിസ്തുമത വിശ്വാസികൾ വളരെ സന്തോഷത്തോടും പ്രത്യാശയോടെയും കൂടെ ആഘോഷിക്കുന്നതും ആചരിക്കുന്നതും ആയ ദിവസമാണ് ഈസ്റ്റർ എന്ന ഉയർപ്പിന്റെ പെരുന്നാൾ. കന്യകയിൽ ജനിക്കുകയും പിന്നെ ജനങ്ങളുടെ പാപത്തിന് പരിഹാരമായി ബലിയാടായി ക്രൂശിൽ മരണം വരിക്കുകയും മൂന്നാം ദിവസം ഉയർത്തെഴുന്നേറ്റും പ്രവചനങ്ങൾ പൂർത്തിയാക്കിയും സ്നേഹം കൊണ്ടും നസ്രായാനായ യേശു ലോകത്തെ കീഴടക്കി. ക്രിസ്തുമത വിശ്വാസത്തിൻറെ അടിസ്ഥാനം തന്നെ ഉയർപ്പിനെ ആസ്പദമാക്കി ആണ് എന്ന് പറയാം.
ക്രിസ്തുവിൻറെ ജനനത്തിനെ പറ്റിയും ശുശ്രൂഷകളെ പറ്റിയും ക്രൂശ് മരണത്തെ പറ്റിയും ഉയർപ്പിനെ പറ്റിയും വിശുദ്ധ വേദപുസ്തകത്തിൽ വിശദമായി പറയുന്നുണ്ട്. പക്ഷേ, ഈ ഗ്രന്ഥം സൂക്ഷ്മമായി വായിച്ചില്ലെങ്കിൽ വിശ്വാസികൾ ഗൗനിക്കാതെ പോകുന്ന പല കാര്യങ്ങളും ഉണ്ട്. അങ്ങനെ ഉള്ള ഒരു വസ്തുതയാണ് ഞാൻ പരിചയപ്പെടുത്താൻ ഉദ്ദേശിക്കുന്നത്.
ഈ കഴിഞ്ഞ ഞായറാഴ്ച നാം ഉയർപ്പിന്റെ പെരുന്നാൾ ആഘോഷിച്ചു. പള്ളികൾ നിറയെ വിശ്വാസികളും ഭവനങ്ങളിൽ വിഭവസമൃദ്ധമായ സദ്യകളും ഒക്കെ സമകാലിക ഉയിർപ്പ് പെരുന്നാളിന്റെ അഭിന്ന ഭാഗങ്ങളാണ്. പക്ഷേ, ആദ്യത്തെ ഉയർപ്പിന്റെ ദിവസം അങ്ങനെ അല്ലായിരുന്നു. ഒരു കാരണവശാലും അങ്ങന ആഘോഷമാകാൻ സാധ്യതയും ഇല്ലായിരുന്നു. അന്നു് നില നിന്നിരുന്നത് ഭയത്തിന്റെയും ഭീതിയുടെയും സംശയത്തിന്റെയും സാഹചര്യമായിരുന്നു. യേശുവിൻറെ അനുയായികൾക്ക് ചതിക്കപ്പെട്ടു എന്ന് തോന്നുന്ന സമയമായിരുന്നു. അതിന് വ്യക്തമായ കാരണങ്ങളുണ്ട്.
അന്നു്, യേശുവിനെ അനുഗമിച്ചിരുന്നവർ ഒട്ടുമിക്കവരും ദരിദ്രരും സമൂഹത്തിന്റെ ഏറ്റവും താഴെക്കിടയിലുള്ള മനുഷ്യരുമായിരുന്നു. അവരെല്ലാം അന്നുള്ള ഭരണാധികാരികളിൽ നിന്നും മത പുരോഹിതന്മാരിൽ നിന്നും കഷ്ടപ്പാടുകൾ അനുഭവിക്കുന്നവർ ആയിരുന്നു. ചൂഷണ വിധേയരായ അവർ എല്ലാവരും അതിൽ നിന്നും വിടുതൽ ആഗ്രഹിച്ചിരുന്നു. "നിങ്ങളുടെ കുരിശ് എടുത്ത് എന്നെ അനുഗമിക്കു" എന്ന് യേശു പറഞ്ഞപ്പോൾ അവരിൽ പലരും വിശ്വസിച്ചു. നസ്രായനായ യേശു വാഗ്ദാനം ചെയ്തു പോലെ അവരുടെ കഷ്ടത നിറഞ്ഞ ജീവിതത്തിൽ നിന്നും വിടുതൽ നൽകി 'ദൈവ രാജ്യത്തേക്ക് ' കൊണ്ടുപോകും എന്നു് അവർ അവർ ദൃഢമായി വിശ്വസിച്ചു.
ജൂതമത അധികാരികളുടെ ചൂഷണങ്ങളെയും ജനവിരുദ്ധ പ്രവണതകളെയും യേശു തുറന്നു കാണിച്ചു. അവർ ആരാധനാലയങ്ങൾ വിശ്വാസങ്ങളുടെ കച്ചവട സ്ഥലങ്ങളും സ്ഥാനങ്ങളും ആക്കിയത് അവൻ ശക്തമായി എതിർത്തു. അതിലൂടെ യേശു അവരുടെ നിലനിൽപ്പിന് തന്നെ ചോദ്യം ചിഹ്നം ആയി മാറി. അതിൽനിന്നും രക്ഷപ്പെടാൻ വേണ്ടി അവർ അവനെ റോമൻ സാമ്രാജ്യത്തിനെതിരെ വിപ്ലവം പറയുന്നതായി ചിത്രീകരിച്ചു. അങ്ങിന യേശു റോമൻ സാമ്രാജ്യത്തിന്റെയും ശത്രുവായി മാറി. ആ ശത്രുവിനെ നശിപ്പിക്കേണ്ടത് റോമൻ സാമ്രാജ്യത്തിന്റെയും ജൂതമത അധികാരികളുടെയും ആവശ്യമായി മാറി. അവർ യേശുവിനെ രാജ്യദ്രോഹി എന്ന് മുദ്ര കുത്തി .
അതേസമയം യേശു പറഞ്ഞത് നിത്യജീവനിലേക്കുള്ള വഴിയെന്ന് മനസ്സിലാക്കാതെ, സാധാരണ മനുഷ്യർ അവരുടെ കഷ്ടത നിറഞ്ഞ ജീവിതത്തിൽ നിന്ന് രക്ഷപ്പെടുവാൻ വേണ്ടി അവനെ അനുഗമിച്ചു. അവനെ അനുഗമിക്കുന്നവർ ദിനം തോറും വർധിക്കുന്നത് കണ്ടു് അധികാരികൾ അവനെ ഒറ്റിലൂടെ ബന്ധിയാക്കി. യരുശലേം ദേവാലയം തകർത്ത് മൂന്ന് ദിവസം കൊണ്ട് പുതുതായി പണിയും എന്ന് പറഞ്ഞ നസ്രായനായ യേശു, ആർക്കെതിരെ ആഹ്വാനം മുഴക്കിയോ അവരുടെ കൈകളാൽ തന്നെ പിടിക്കപ്പെടുകയും പീഢിക്കപ്പെടുകയും ശിക്ഷിക്കപ്പെടുകയും ചെയ്തു.
യേശുവിനെ, റോമാ സാമ്രാജ്യത്തിന് എതിരെ ഉള്ള രാജ്യദ്രോഹക്കുറ്റം ചുമത്തിയാണ് പൊന്തിയോസ് പിലാത്തോസ് എന്ന അധികാരിയുടെ മുമ്പിൽ യൂദന്മാർ കൊണ്ടുവന്നത്. അവനിൽ കുറ്റങ്ങൾ ഒന്നും കണ്ടില്ലെങ്കിലും, മഹാ പുരോഹിതന്മാരുടെ ശാഠ്യത്തിന് വഴങ്ങി സ്വന്തം കൈകൾ കഴുകി യേശുവിനെ ശിക്ഷിക്കുവാൻ വേണ്ടി ഒരു ക്രൂരനായ കള്ളന് പകരം ജന മധ്യേ പീലാത്തോസ് വിട്ടുകൊടുക്കുകയും ചെയ്യുന്നു. സത്യത്തിനും ധർമ്മത്തിനും ചേരാത്തതാണെങ്കിലും ജനം ന്യായം അങ്ങനെ ആണ് ആവശ്യപ്പെട്ടത്തു്. ആൾക്കൂട്ട ന്യായവിധി എന്നും അങ്ങനെയായിരുന്നു.
യേശു ക്രൂശിൽ ആയ നിമിഷം യേശുവിൻറെ അനുയായികൾ രാജകോപവും ജനകോപവും ഭയന്ന് നാനാ ദിശകളിലേക്കും ചിതറി, ഓടി ഒളിവിൽ പോകേണ്ടി വന്നതു്. അതേ ഭീതി കാരണമാകാം ഉറ്റവരും, ഉടയവരും, എന്ത് വന്നാലും തന്നെ വിട്ടു മാറില്ല എന്ന് ആണ ഇട്ട് പറഞ്ഞവരും, അവനെ മൂന്നു പ്രാവശ്യം തള്ളിപ്പറഞ്ഞതും. അങ്ങനെ ഓടിപ്പോയവരെയും തള്ളിപ്പറഞ്ഞവരെയും അന്നും, ഇന്നും കുറ്റം പറയാൻ സാധിക്കുകയില്ല. ഭരണാധികാരികൾക്കെതിരെ എന്തെങ്കിലും പറഞ്ഞാൽ സംഭവിക്കാവുന്ന ഭവിഷ്യത്തുകൾ അത്രത്തോളം ഭയാനകമായിരുന്നു.
അങ്ങനെയുള്ള ഭയാനകമായ സന്ദർഭത്തിലും യേശുവിന്റെ ശവശരീരം ഏറ്റു വാങ്ങുവാൻ മുമ്പോട്ടു വരുന്ന രണ്ടു വ്യക്തികളെ വിശുദ്ധ വേദപുസ്തകം നമ്മൾക്ക് പരിചയപ്പെടുത്തി തരുന്നു. ജൂത സമൂഹത്തിൽ വളരെ ഉന്നത ജീവിതം നയിച്ചു കൊണ്ടിരുന്ന അരിമത്യക്കാരനായ ജോസഫ് എന്ന വ്യക്തി തന്റെ പ്രവർത്തികളിലൂടെ നമ്മെ അത്ഭുതപ്പെടുത്തുന്നു. യേശുവിൻറെ കാഴ്ചപ്പാട് ശരിയെന്ന് അറിയാമെങ്കിലും സ്വന്തം സമൂഹത്തിൽ നിന്നും ഉണ്ടാകാൻ സാദ്ധ്യതയുള്ള പ്രത്യാഘാതങ്ങളെ പേടിച്ചു, യേശുവിന്റെ മരണം വരെ മിണ്ടാതിരുന്ന വ്യക്തിയായിരുന്നു ജോസഫ്. എന്നാൽ യേശുവിൻറെ മരണം അതിനു വ്യക്തമായ മാറ്റം വരുത്തി. ഒരു 'രാജ്യദ്രോഹി ' എങ്കിലും ക്രിസ്തുവിന്റെ ശവശരീരം ഏറ്റെടുക്കാനുള്ള ചങ്കൂറ്റം ജോസഫ് കാണിക്കുന്നു. സമൂഹത്തിൽ നിന്നും ലഭിക്കാവുന്ന പ്രതികൂല അനുഭവങ്ങൾ എന്തൊക്കെ ആകാം എന്ന് തീർച്ചയായും ആലോചിച്ചതിനു ശേഷം തന്നെയായിരിക്കും ജോസഫ് പീലാത്തോസിനെ സമീപിക്കുന്നത്.
നിക്കോദമസ് എന്ന പേരുള്ള വ്യക്തിയാണ് രണ്ടാമത്തെത്. സമൂഹത്തിൽ വളരെ ശ്രേഷ്ഠ സ്ഥാനം ഉള്ള അദ്ദേഹം ഒരു ജൂതമത പണ്ഡിതൻ കൂടി യിരുന്നു. സ്വർഗ്ഗരാജ്യം പ്രാപിക്കുവാൻ മനുഷ്യൻ രണ്ടാമതും ജനിക്കണം എന്ന് യേശു പ്രസംഗിച്ചത് മനസ്സിലാകാത്തത് കൊണ്ട് "രണ്ടാമത് ഞാൻ എങ്ങനെ ജനിക്കും" എന്ന് അറിയുവാൻ യേശുവിനെ അദ്ദേഹം സമീപിച്ചത് വേദപുസ്തകം വളരെ വ്യക്തമായി രേഖപ്പെടുത്തുന്നു. സ്വജന ഭീതിയിൽ പാതിരാത്രിയുടെ യാമങ്ങളിൽ വേറെ ആരും കാണാതെയായിരുന്നു നിക്കോദമസ് യേശുവിനെ സമീപിച്ചത്. നിക്കോദമസ് യേശുവിൻറെ ശവശരീരം പൊതിയുവാൻ ആവശ്യമുള്ള സാമഗ്രികളും സുഗന്ധദ്രവ്യങ്ങളും കൊണ്ടുവന്നു.
സമൂഹത്തിനെ ഇത്രയും പേടിയുണ്ടായിരുന്ന രണ്ടുപേർ ക്രിസ്തുവിന്റെ മരണം കൊണ്ട് എങ്ങനെ ധൈര്യശാലികളായി എന്ന് നാം ആലോചിക്കേണ്ടതുണ്ട്. എന്തുകൊണ്ട് 'രാജ്യദ്രോഹി' എന്നു മുദ്രകുത്തപ്പെട്ട യേശുവിന്റെ ശവശരീരം വാങ്ങാൻ അവർ മുന്നോട്ടുവന്നു? ആൾക്കൂട്ട വിധിയുടെ ഇരയായ യേശുവിന് അന്ത്യ ശുശ്രൂഷകൾ നൽകുവാൻ സ്വന്തം ജീവനെ പണയപ്പെടുത്തി മുന്നോട്ട് വന്ന ഈ രണ്ടു വ്യക്തികളെ വേണ്ടവിധം നമ്മളോ, സമൂഹമോ, മതമോ അംഗീകരിച്ചിട്ടുണ്ടോ?
വ്യക്തിജീവിതത്തിലും നമ്മുടെ സാമൂഹ്യ ജീവിതത്തിലും പലപ്പോഴും തെറ്റുകൾ കാണുകയും, അറിയുകയും ചെയ്താലും സമൂഹത്തിനെയും കുടുംബത്തിനെയും പേടിച്ച് അവർക്കെതിരെ എന്തെങ്കിലും പറഞ്ഞാൽ വരാവുന്ന പ്രശ്നങ്ങളെ പേടിച്ച് മൗനം പാലിക്കുന്നവരാണ് നമ്മളിൽ ഒട്ടു മിക്കവരും. അന്നും അങ്ങനെ ആയിരുന്നു, ഇന്നും അങ്ങനെ തന്നെ. യഹൂദ സമൂഹത്തിൽ ആയിരങ്ങൾ ഉണ്ടായിരുന്നിട്ടും കേവലം രണ്ടുപേർ മാത്രമാണ് ആ ധൈര്യം കാണിച്ചത് എന്നു ചരിത്രം രേഖപ്പെടുത്തുന്നു.
നമ്മൾ ഓരോരുത്തർക്കും ശരിയും തെറ്റും അറിയുവാൻ ഉള്ള കഴിവുണ്ട്. പക്ഷേ അതിനുവേണ്ടി നിലപാട് എടുക്കാനോ സംസാരിക്കാനോ ഉള്ള ശക്തി കണ്ടെത്താറില്ല. ജോസഫിനെ പോലെയോ നിക്കോദമസിനെ പോലെയോ എന്നെങ്കിലും ആ ശക്തി നമ്മളിൽ ആർക്കെങ്കിലും എന്നെങ്കിലും വരട്ടെ എന്ന് ആഗ്രഹിക്കുന്നു. നമ്മുടെ മുഖത്ത് നോക്കി നമ്മൾ ചെയ്യുന്നത് തെറ്റ് എന്ന് നമ്മളോട് പറയാൻ മനക്കരുത്തുള്ള ആൾക്കാരെ നാം എങ്ങനെ സംബോധന ചെയ്യും ? അവരെ നാം എങ്ങനെ കരുതും ?
ഏത് പ്രശ്നങ്ങൾ ഉണ്ടായാലും അതിനെ നേരിടാൻ വേണ്ടി ഉള്ള അത്രയും മനോബലവും ധൈര്യവും കാണിച്ച ജോസഫിനും നിക്കോദമസിനും വേണ്ടത്ര അംഗീകാരം അനേകം ഉള്ള ക്രിസ്തു സഭകളിൽ ലഭിക്കുന്നുണ്ടോ ?
മത ആചാരങ്ങളിൽ അവർക്ക് ഉചിത സ്ഥാനങ്ങൾ ലഭിക്കുന്നുണ്ടോ? മത പണ്ഡിതന്മാർ തീരുമാനിക്കട്ടെ.
ഇല്ലെങ്കിൽ അതിന് സമയമായി!
കടപ്പാട്
ഉയർപ്പിന് മുമ്പ് ഉള്ള ദുഃഖാചരണ ആഴ്ചയിൽ , ബഹുമാനപ്പെട്ട റവ ഡോക്ടർ എബ്രഹാം കുരുവിള നടത്തിയ പ്രഭാഷണത്തിൽനിന്നും ആശയം കൊണ്ടതാണ് ഈ ലേഖനം
