2023 സെപ്റ്റംബർ 28, വ്യാഴാഴ്‌ച

കേണൽ പണിക്കരെ ഞെട്ടിച്ച മലയാളി

 


"സർ, ഞാൻ ഞെട്ടിപ്പോയി. എന്റെ കണ്ണു നിറഞ്ഞു സർ" കേണൽ പണിക്കർ എന്നോട് പറഞ്ഞു.


കേണൽ പണിക്കർ ഞെട്ടിയാൽ നമ്മൾ മലയാളികൾ എന്തു ചെയ്യണം? എന്താ കേണൽ ആയാൽ ഞെട്ടില്ലേ? കേണൽ ഒക്കെ അങ്ങ്. അല്ല പിന്നെ!


ആ പറഞ്ഞതു ശരിയാണ്.


ജീവിതത്തിൽ ഞ്ഞെട്ടാത്തതായി ആരെങ്കിലും ഉണ്ടോ? വലുതും ചെറുതുമായ നേതാക്കന്മാരും അഭിനേതാക്കളും ഞെട്ടും, എന്തിനും ഞെട്ടും. അവർ  വാർത്തകൾ വന്നാലും ഞെട്ടും, വന്നില്ലെങ്കിലും ഞെട്ടും. പിന്നെ  അവർ ഞെട്ടിയതും ഞെട്ടാത്തതും വലിയ വാർത്ത ആകും. ദിനപത്രങ്ങൾ അത് വെണ്ടയ്ക്ക അക്ഷരത്തിൽ പല രീതിയിലും എഴുതി ഫലിപ്പിക്കും. അതിൻറെ കൂടെ ഞെട്ടിയതോ ഞെട്ടാത്തതോ ആയ വ്യക്തിയുടെ ഒന്ന് രണ്ട് കിടിലൻ ഫോട്ടോ കൂടി കാണും. അതു ബ്രേക്കിംഗ് ന്യൂസ് ആകും. പിന്നെ പല വിധ വിഗ്ദ്ധർ പങ്കെടുക്കുന്ന ചാനൽ ചർച്ചകൾ. അതിൽ ചിലർ, അവർ പറയുന്നതിനോട് ആരെങ്കിലും വിയോജിപ്പു കാണിച്ചാൽ, അങ്ങനെ വിയോജിപ്പു കാണിക്കാൻ ഒരുമ്പെടുന്നവരെ, വേറേ ഏതെങ്കിലും രാജ്യത്തു പോയി ജീവിക്കാൻ ഉത്തരവും ഇടും. വേണമെങ്കിൽ അതിന് ആവശ്യമുള്ള ഒരു വിസ കൂടി ഒപ്പിച്ചു തരും.  ഇതിന്റെയെല്ലാം താളവും മേളവും കൊഴുപ്പം കൂട്ടാൻ ട്രോളന്മാർ, പല വിധ സംഘടനകളുടെ പ്രതിനിധികൾ ഒക്കെ കൂടും.  ഇതൊക്കെ ആണ്, മാസ്, മരണ മാസ്സ്,  കൊല മാസ്സ് എന്നൊക്കെ പറയുന്ന സംഭവം. അതാണ്  ഇപ്പോഴത്തെ ഒരു രീതി. 


പക്ഷേ കേണൽ പണിക്കർ ഞെട്ടിയത് ആരും അറിഞ്ഞില്ല, വാർത്തയും ആയില്ല. അദ്ദേഹത്തെ ഞെട്ടിച്ചത് ആര് എന്നും ആരും അറിഞ്ഞില്ല. അവർ രണ്ടുപേരുടെയും ഫോട്ടോയും വന്നില്ല. ഇതൊന്നും ചർച്ചയും ആയില്ല.


പക്ഷേ എനിക്ക് ഒരു കാര്യം നന്നായി അറിയാം. ഈ പറയുന്ന കേണൽ പണിക്കർ അങ്ങനെ പെട്ടെന്ന് ഞെട്ടുന്ന പാർട്ടിയല്ല.


കാശ്മീരിൽ, എന്നുവെച്ചാൽ നമ്മളിൽ പലർക്കും അങ്ങ് ദൂരെ, ഭീകരന്മാരുമായുള്ള ഏറ്റുമുട്ടലിനു അദ്ദേഹം നേതൃത്വം കൊടുത്തിട്ടുണ്ട്. അങ്ങനെയുള്ള ഒരു ഓപ്പറേഷനിൽ വളരെ ഗുരുതര പരുക്കുകൾ ഏറ്റിട്ടും ദൗത്യത്തിന് ഭംഗം വരാതെ ഭീകരന്മാരെ വധിച്ചതിന് ശൗര്യ ചക്ര ലഭിച്ചിട്ടുള്ള വ്യക്തി ആണ് ഈ കുണ്ടറ, മാറുനാടുകാരനായ കേണൽ കൊച്ചു കോശി പണിക്കർ.  


ഈ ഗുരുതരം, ഗുരുതരം എന്നു പറഞ്ഞാൽ? ഒന്നു രണ്ടു വെടിയുണ്ട കൊളളുക,  പിന്നെ ഭീകരർ എറിഞ്ഞ ഗ്രനേഡ് പൊട്ടിത്തെറിച്ച് ദേഹം നിറയെ  ലോഹഭാഗങ്ങൾ കുത്തി തുളച്ചു കയറി മൃതതുല്യനാകുക,  അത്രേ ഉള്ളൂ. സിനമയിൽ ആകുമ്പോൾ അതു് ഒരു സീനാണ്. ശരിക്കും ഉള്ള ജീവതത്തിൽ, ശരിക്കും ഉള്ള വേദനയും രക്തവും ആർക്കു കാണണം? അന്നു ഞെട്ടാത്ത കേണലിനെ നമ്മുടെ കൊല്ലം റെയിൽവേ സ്റ്റേഷനിൽ, റിസർവേഷൻ ചെയ്യുന്ന ഒരു മലയാളി ഞെട്ടിച്ചു കളഞ്ഞു.


"സർ, ഞാൻ ഞെട്ടിപ്പോയി. എന്റെ കണ്ണു നിറഞ്ഞു പോയി സർ" കേണൽ പണിക്കർ എന്നോട് പറഞ്ഞു. 


കേണൽ കൊച്ചുകോശി പണിക്കരെ ഞാൻ 'കെകെ ' എന്നാണ് വിളിക്കുന്നതു്. 2006 ൽ സെക്കന്ദരാബാദിലുള്ള പരിശീലന സെന്ററിൽ അദ്ദേഹം ആയുധ പരിശീലന മേധാവിയായി ചാർജെടുത്ത സമയത്താണ് ഞങ്ങൾ പരിചയപ്പെടുന്നത്. എനിക്ക് കെകെ യോട് പ്രത്യേക ഒരു ഇഷ്ടം ഉണ്ടായിരുന്നു.  അത് എന്റെ നാട്ടുകാരൻ എന്ന രീതിയിൽ അല്ല. ഏത് ചുമതല ഏൽപ്പിച്ചാലും അതിനെ വളരെ ഭംഗിയായി ചെയ്തു തീർക്കുവാൻ ഉള്ള അദ്ദേഹത്തിന്റെ അർപ്പണ ബോധം, അതു്  നിർവഹിക്കുന്ന രീതി, എന്നിവ എന്റെ ശ്രദ്ധയിൽ പെട്ടിരുന്നു. അതു പോലെതന്നെ വിജയത്തിൻറെ ശ്രേയസ് മുഴുവനും തന്റെ ടീമിലെ അംഗങ്ങൾക്ക് കൊടുക്കുവാൻ കെകെ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. അദ്ദേഹത്തിൻറെ റിപ്പോർട്ട് ഞാൻ എഴുതിയപ്പോൾ ഇത് പ്രത്യേകമായി എടുത്ത് പറഞ്ഞതു് ഞാൻ ഇന്നും ഓർക്കുന്നു. കെകെയുടെ മേൽ അധികാരി ആയ എനിക്ക് ഇത് വലിയൊരു അനുഗ്രഹം തന്നെയായിരുന്നു. ആത്മാർത്ഥതയും വിശ്വസ്തതയും ഉള്ള ഒരു സഹപ്രവർത്തകൻ. അദ്ദേഹത്തിന്റെ സഹധർമ്മിണി ഡോക്ടർ സാന്റിയും അതുപോലെതന്നെ വ്യക്തിത്വം ഉള്ള ഒരു പ്രതിഭയായിരുന്നു.  എത്ര പ്രയാസമുള്ള സമയത്തും ചിരിച്ചുകൊണ്ടിരിക്കുന്ന രണ്ടു വ്യക്തികൾ, ആരെയും സഹായിക്കാൻ എപ്പോഴും സന്നദ്ധതയുള്ള രണ്ടുപേർ. കേണൽ ആൻഡ് മിസ്സിസ്  ഡിപെൻഡബിൾ! അതായിരുന്നു ഞങ്ങൾക്ക് കെകെയും സാന്റിയും.


സേനയിലുള്ള നടപ്പ് പ്രകാരം ഞങ്ങൾ രണ്ടുപേരും രണ്ട് ദിശകളിലേക്ക് സ്ഥലം മാറിപ്പോയി. പിന്നെ കുറച്ചുനാൾ തമ്മിൽ ഒരു ബന്ധവുമില്ലായിരുന്നു. എന്നാൽ ഞങ്ങൾ രണ്ടു പേരും സർവീസിൽ നിന്നും വിരമിച്ചതിനു ശേഷം ഞങ്ങളുടെ ബന്ധം ഔദ്യോഗിക ബന്ധങ്ങളിൽ നിന്നും ഉപരി സുഹൃത്ത് ബന്ധമായി മാറി. അതിനും കാരണം കെകെ തന്നെയായിരുന്നു. ഇടയ്ക്കിടെ വിളിക്കുകയും സംസാരിക്കുകയും ചെയ്തു ബന്ധങ്ങൾ മുറിയാതെ കാത്തു സൂക്ഷിക്കാൻ അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചു. എന്റെ ഭാര്യയും ഞാനും കുറച്ചുനാൾ മുമ്പ് കുണ്ടറ പോയിരുന്നു. കെകെ സാന്റി ദമ്പതികളുടെ മകന്റെ വിവാഹത്തിനായിരുന്നു. ഇന്ത്യയിലെ ഒട്ടു മിക്ക സംസ്ഥാനങ്ങളിൽ നിന്നും ആൾക്കാർ ക്ഷണം സ്വീകരിച്ചു വന്നിരുന്നു. അതാണ് കെകെ യോടും സാന്റിയോടും ആൾക്കാർക്ക് ഉള്ള കരുതൽ.


അധിക ദിവസം കഴിയുന്നതിനു മുമ്പ് തന്നെ പിന്നെയും എനിക്ക് കൊല്ലം വരെ പോകേണ്ടി വന്നു. അതിനും കാരണക്കാരൻ കെകെ തന്നെ ആയിരുന്നു. " സർ വന്നേ തീരൂ," കെകെ എന്നെ നിർബന്ധിച്ചു. "കെകെ ഞാൻ ഇപ്പോൾ കുണ്ടറ അല്ല, കോട്ടയത്തു ആണ് താമസിക്കുന്നത്," ഞാൻ ഒഴിഞ്ഞു മാറാൻ നോക്കി. "സർ എന്തൊക്കെ പറഞ്ഞാലും, ചെയ്താലും സാറിന്റെ വേരുകൾ കുണ്ടറയിൽ നിന്ന് പറിച്ചു മാറ്റാൻ സാധിക്കില്ല. അതുകൊണ്ട് ഈ പരിപാടിയിൽ വന്നേ മതിയാകു," കെകെ എന്നെ നിർബന്ധിച്ചു. അങ്ങനെയാണ് എന്റെ ഭാര്യയും ഞാനും കൊല്ലത്ത് എത്തിയതു് . 


സേനയിൽ നിന്നും വിരമിച്ച, കൊല്ലം ഡിസ്ട്രിക്റ്റിലെ, എല്ലാ ഓഫീസർമാരെയും ഒരുമിച്ചു കൊണ്ടു വരാൻ കെകെ തന്നെ മുൻകൈയ്യുടുത്ത് തുടങ്ങിയ സംരഭത്തിൽ പങ്കെടുത്തതിനു ശേഷം ഞങ്ങൾ കെകെ യുടെയും സാൻറിയുടെ വീട്ടിൽ അന്തി ഉറങ്ങാൻ തീരുമാനിച്ചു. സന്ധ്യാ സമയം പഴയ കാര്യങ്ങൾ പറയാൻ ഏറ്റവും നല്ല സമയം ആണ്. 


"സർ എനിക്കു കിട്ടിയ ഒരു അനുഭവം പറയാതിരിക്കാൻ വയ്യ," കെകെ തന്റെ അനുഭവം പങ്കു വയ്ച്ചു. 


"ഒരു സ്ഥലം വരെ പോകാൻ വേണ്ടി ട്രെയിനിൽ സീറ്റ് റിസർവ് ചെയ്യാൻ വേണ്ടിയാണ് ഞങ്ങൾ കൊല്ലം റെയിൽവേ സ്റ്റേഷനിൽ എത്തിയതു്. സാന്റി കാറിൽ തന്നെ ഇരുന്നു.  ഞാൻ സീറ്റ് റിസർവ് ചെയ്യാൻ വേണ്ടി കൗണ്ടറിൽ ചെന്നു." കെകെ പറഞ്ഞു. ഭീകരന്മാരുമായുള്ള ഏറ്റുമുട്ടലിൽ പറ്റിയ പരിക്കുകൾ കാരണം അദ്ദേഹത്തിൻറെ ഒരു കൈ ചെറുതായി. അതുകൊണ്ട് അദ്ദേഹത്തിന് കാർ ഓടിക്കാൻ പ്രയാസമാണ്. അതുകൊണ്ട് അദ്ദേഹത്തിന് എവിടെ പോകണമെങ്കിലും സാന്റിയുടെ സഹായം വേണം.


ശൗര്യ ചക്ര അവാർഡ് കിട്ടിയിട്ടുള്ളതു് കൊണ്ട് ഇന്ത്യൻ റെയിൽവേ അദ്ദേഹത്തിനു ഫ്രീ ആയി യാത്ര ചെയ്യുവാൻ വേണ്ടി പാസ്സ് അനുവദിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ പാസും, പൂരിപ്പിച്ച റിസർവേഷൻ ഫോറവും കൂടി റിസർവേഷൻ കൗണ്ടറിൽ ഇരിക്കുന്ന വ്യക്തിയെ കെകെ ഏൽപ്പിച്ചു. റിസർവേഷൻ ചെയ്യുന്ന മലയാളി ആദ്യം ആ പാസ് ഒന്ന് ശ്രദ്ധിച്ചു നോക്കി. പിന്നെ അതിലെ ഫോട്ടോ നോക്കി അതിനുശേഷം ആ പാസ് എടുത്തു രണ്ടു മൂന്നു പ്രാവശ്യം അദ്ദേഹം ബഹുമാനപൂർവ്വം തന്റെ നെറ്റിയോട്  ചേർത്തുവച്ചു വന്ദിച്ചു.

 

"ഞാൻ ആദ്യമായിട്ടാണ് ഒരു ശൗര്യ ചക്ര അവാർഡ് കിട്ടിയ ഉദ്യോഗസ്ഥനെ നേരിൽ കാണുന്നത് സർ.  എനിക്ക് വളരെ ആദരവും സന്തോഷവും നന്ദിയും തോന്നി ," ആ മനുഷ്യൻ പറഞ്ഞു.


"സർ എന്ത് ചെയ്യണം എന്ന് അറിയാതെ നിശബ്ദനായി നോക്കി നിൽക്കുവാൻ മാത്രമേ എനിക്ക് സാധിച്ചുള്ളൂ.  ഇങ്ങനെ ഒരു അനുഭവം കേരളത്തിൽ ആദ്യമായിട്ടാണ് ഞാൻ നേരിട്ടത്," കെകെ പറഞ്ഞു.


"അവിടെ തീർന്നില്ല സർ ," കെകെ തുടർന്നു. " "ഞാൻ തിരികെ കാറിൽ എത്തി, കൗണ്ടറിൽ നിന്നും കിട്ടിയ പ്രിൻറ് സാന്റിയെഏൽപ്പിച്ചു." പേപ്പറുകൾ  തിരിച്ചും മറിച്ചു നോക്കിയതിനു ശേഷം സാന്റി ചോദിച്ചു, "എന്താ  തിരികെ വരാനുള്ള റിസർവേഷൻ എടുക്കാഞ്ഞത്? "


"കൗണ്ടറിൽ കിട്ടിയ ബഹുമാനം കാരണം ബാക്കിയെല്ലാം ഞാൻ മറന്നു പോയി.  അത്രയ്ക്ക് അസാധാരണമായിരുന്നു ആ മനുഷ്യൻറെ പെരുമാറ്റം. തിരിച്ചുവരാനുള്ള റിസർവേഷൻ ചെയ്യുവാൻ ഞാൻ മറന്നു പോയി. സാന്റി പറഞ്ഞപ്പോൾ ആണ് ആ കാര്യം ഞാൻ ഓർത്തത്. ഞാൻ ഉടനെ തന്നെ തിരികെ ചെല്ലാൻ തീരുമാനിച്ചു." കെകെ തുടർന്നു.


"ഓഫീസിലേക്ക് പോകുന്ന വഴിക്ക് എനിക്ക് റിസർവേഷൻ ചെയ്തു തന്ന വ്യക്തി തന്റെ ഡ്യൂട്ടി കഴിഞ്ഞ് ഇറങ്ങി വരുന്നത് ഞാൻ കണ്ടു." "എന്തുപറ്റി സർ?'  അദ്ദേഹം ചോദിച്ചു. "ഞാൻ കാര്യം പറഞ്ഞു. വീട്ടിലേക്ക്  പോകാൻ ഇറങ്ങിയ ആ മനുഷ്യൻ എൻറെ കയ്യിൽ നിന്ന് പാസും വാങ്ങി എന്നെയും കൂട്ടി തിരികെ ഓഫീസിലേക്ക് പോയി. അതിനുശേഷം എനിക്ക് തിരികെ വരാനുള്ള റിസർവേഷൻ അദ്ദേഹം തന്നെ ചെയ്തു തന്നു," കെകെ പറഞ്ഞു.  


ഈ സംഭവം എന്നോട് പറയുമ്പോൾ, നടന്നിട്ടു  ദിവസങ്ങൾ കഴിഞ്ഞെങ്കിലും കെകെയുടെ തൊണ്ട ഇടറുന്നുണ്ടായിരുന്നു. 


വിമുക്തഭടന്മാരെ പറ്റി പ്രബുദ്ധ മലയാളികൾ സാധാരണ ധരിച്ചു വച്ചിരിക്കന്നതും അവരോട് പെരുമാറുന്നതും വ്യത്യസ്ഥമാണ്. ഒന്നുകിൽ അവർക്ക് മാസം മാസം കിട്ടുന്ന ക്വോട്ട, അല്ലെങ്കിൽ സെക്യൂരിറ്റി ഗാർഡ്. ഒട്ടു മിക്ക മലയാളികളും അവരുടെ അജ്ഞത കാരണമോ, അറിയാനുള്ള വൈമുഖ്യം കാരണമോ അതിനപ്പുറം സാധാരണ പോകാറില്ല. ഏറെ പഠിത്തം ഉണ്ട് എന്ന് അഭിമാനിക്കുന്ന പല മലയാളികളും മേജർ ജനറലും, മേജറും, ഹവിൽദാർ മേജറും വേറേ വേറേ  തസ്തികകൾ ആണെന്നും അതു തമ്മിൽ ഉള്ള വ്യത്യാസം അറിയാത്തവരോ, അറിയാൻ ഇഷ്ടപ്പെടാത്തവരോ, അറിഞ്ഞാൽ കാണിക്കാത്തവരോ ആണ്. 


"നിങ്ങൾക്ക് കോളിഫിക്കേഷൻ എന്ത് ആണ് ഉള്ളത് ?" പഠിത്തം ഉണ്ട് എന്ന് പറയുന്ന ഒരു മനുഷ്യൻ, എം ഫിൽ, എം ബി എ, വ്യത്യസ്ഥ മേഖലകളിൽ  മൂന്ന് പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമകളും, മുപ്പത്തി ഏഴു വർഷം ഓഫീസർ ആയി അനുഭവ സമ്പത്തുള്ള വ്യക്തിയോട് ഉന്നയിച്ച ചോദ്യമായിരുന്നു ഇത്. 


"ഇപ്പോൾ യുദ്ധം ഒന്നുമില്ലല്ലോ? ഞങ്ങളുടെ നികുതിപ്പണം കൊണ്ട് സുഖിക്കുന്നവരല്ലേ നിങ്ങൾ?" എന്ന് മുഖത്തുനോക്കി പറയുന്നവർ കേരളത്തിൽ കുറവല്ല. പണ്ടൊരിക്കൽ കരം അടയ്ക്കാൻ ചെന്നപ്പോൾ ഇങ്ങനെ ഒരു സംസാരം ഞാൻ തന്നെ കേട്ടതാണ്.


"താങ്ക്യൂ ഫോർ യുവർ സർവീസ്. നിങ്ങളുടെ സേവനത്തിന് നന്ദി." ഇത് അമേരിക്കയിലെ ഓരോ വ്യക്തിയും ഏത് വിമുക്ത ഭടനെ കാണുമ്പോഴും പറയുന്ന ഒരു വാചകമാണ്. ഇന്ത്യക്കാരനായ എനിക്ക്, അമേരിക്കയിൽ ഉടനീളം ഉള്ള യാത്രയിൽ  എന്റെ എക്സ് സർവീസ്  കാർഡ് കാണിച്ചപ്പോൾ കിട്ടിയ അനുഭവം ആണ്. ക്യൂവിൽ മുൻഗണന, റിക്കറ്റ് നിരക്കിൽ കുറവ്, പ്ലെയിനിൽ കയറാൻ മുൻഗണന ഇതൊക്കെ അമേരിക്കൻ ജനത സാധാരണയായി ചെയ്യുന്ന കാര്യമാണ്. സർക്കാർ നിശ്ചയിച്ച്, ഉത്തരവിട്ടിട്ടുള്ള നികുതി ഒഴിവു കിട്ടുവാൻ വേണ്ടി അപേക്ഷ കൊടുത്തിട്ട് മുൻസിപ്പാലിറ്റി ഓഫീസിൽ കേറി ഇറങ്ങിയാലും ഇന്ന് വരെ മറുപടി കിട്ടാത്ത ഈ നാട്ടിൽ, ഒരു അപേക്ഷ കൊടുത്താൽ ഒരു മറുപടിയും തരാൻ ബാധ്യസ്ഥതയില്ലാത്ത ഓഫീസുകൾ ഉള്ള,  സൈനികരെ പറ്റി അറിയാനോ, അവരെ ബഹുമാനിക്കാനോ അറിയാത്ത പ്രബുദ്ധ കേരളത്തിൽ, ഇങ്ങനെ ബഹുമാനവും ആദരവും കാണിച്ച ഒരു വ്യക്തിയെ അപൂർവമെങ്കിലും കണ്ടപ്പോൾ കേണൽ പണിക്കരുടെ കണ്ണുനിറഞ്ഞതു തീർത്തും സ്വാഭാവികം മാത്രം.


സഹോദരാ താങ്കൾ ആരാണന്നോ എവിടെയാണെന്ന് എനിക്കറിയില്ല.  എങ്കിലും താങ്കൾ കാണിച്ച ബഹുമാനത്തിനും ആദരവിനും നന്ദി. താങ്കളെ വളർത്തിയ മാതാപിതാക്കൾക്കും താങ്കളെ പഠിപ്പിച്ച ഗുരുക്കന്മാർക്കും എന്റെ സ്നേഹാദരവുകൾ. എന്നെങ്കിലും നേരിട്ട് കണ്ടാൽ ഹൃദയത്തോട് ചേർത്ത് നന്ദി പറയാൻ ഞാൻ മറക്കില്ല.


2023 ഏപ്രിൽ 11, ചൊവ്വാഴ്ച

അംഗീകാരം അർഹതപ്പെട്ടവർക്ക് കൂടി

 

മനുഷ്യരായഎല്ലാവർക്കും അംഗീകാരം വളരെ പ്രധാനപ്പെട്ടതാണ്.  ഏൽപ്പിച്ചിട്ടുള്ള ചുമതലകൾ നിർവഹിക്കുമ്പോൾ അംഗീകാരം ആഗ്രഹിക്കുന്നവരാണ് നാം ഓരോരുത്തരും. പലരും അർഹിക്കുന്നതിലും അപ്പുറം അംഗീകാരം ആഗ്രഹിക്കുന്നവരും ആണ്. അർഹതയയുള്ള പലരും അംഗീകാരം കിട്ടാതെ പോയിട്ടുള്ള ചരിത്രവും ഉണ്ട് .


ഉയർപ്പിന്റെ പെരുന്നാൾ ആഘോഷിക്കുന്ന ഈ സമയത്ത് അങ്ങനെ ഒരു കഥ കൂടി പറയുന്നത് ഉചിതം എന്ന് തോന്നി.


ലോകമെമ്പാടുമുള്ള ക്രിസ്തുമത വിശ്വാസികൾ വളരെ സന്തോഷത്തോടും പ്രത്യാശയോടെയും കൂടെ ആഘോഷിക്കുന്നതും ആചരിക്കുന്നതും ആയ ദിവസമാണ് ഈസ്റ്റർ എന്ന ഉയർപ്പിന്റെ പെരുന്നാൾ. കന്യകയിൽ ജനിക്കുകയും പിന്നെ ജനങ്ങളുടെ പാപത്തിന് പരിഹാരമായി ബലിയാടായി ക്രൂശിൽ മരണം വരിക്കുകയും മൂന്നാം ദിവസം ഉയർത്തെഴുന്നേറ്റും പ്രവചനങ്ങൾ പൂർത്തിയാക്കിയും  സ്നേഹം കൊണ്ടും നസ്രായാനായ യേശു ലോകത്തെ  കീഴടക്കി. ക്രിസ്തുമത വിശ്വാസത്തിൻറെ അടിസ്ഥാനം തന്നെ ഉയർപ്പിനെ ആസ്പദമാക്കി ആണ് എന്ന് പറയാം.


ക്രിസ്തുവിൻറെ ജനനത്തിനെ പറ്റിയും ശുശ്രൂഷകളെ പറ്റിയും ക്രൂശ്  മരണത്തെ പറ്റിയും ഉയർപ്പിനെ പറ്റിയും വിശുദ്ധ വേദപുസ്തകത്തിൽ വിശദമായി പറയുന്നുണ്ട്.  പക്ഷേ, ഈ ഗ്രന്ഥം സൂക്ഷ്മമായി വായിച്ചില്ലെങ്കിൽ വിശ്വാസികൾ ഗൗനിക്കാതെ പോകുന്ന പല കാര്യങ്ങളും ഉണ്ട്. അങ്ങനെ ഉള്ള ഒരു വസ്തുതയാണ് ഞാൻ പരിചയപ്പെടുത്താൻ ഉദ്ദേശിക്കുന്നത്. 


ഈ കഴിഞ്ഞ ഞായറാഴ്ച  നാം ഉയർപ്പിന്റെ പെരുന്നാൾ ആഘോഷിച്ചു.  പള്ളികൾ നിറയെ വിശ്വാസികളും ഭവനങ്ങളിൽ വിഭവസമൃദ്ധമായ സദ്യകളും ഒക്കെ സമകാലിക ഉയിർപ്പ് പെരുന്നാളിന്റെ അഭിന്ന ഭാഗങ്ങളാണ്.  പക്ഷേ, ആദ്യത്തെ ഉയർപ്പിന്റെ ദിവസം അങ്ങനെ അല്ലായിരുന്നു.  ഒരു കാരണവശാലും അങ്ങന ആഘോഷമാകാൻ സാധ്യതയും ഇല്ലായിരുന്നു. അന്നു് നില നിന്നിരുന്നത് ഭയത്തിന്റെയും ഭീതിയുടെയും സംശയത്തിന്റെയും സാഹചര്യമായിരുന്നു. യേശുവിൻറെ അനുയായികൾക്ക് ചതിക്കപ്പെട്ടു എന്ന് തോന്നുന്ന സമയമായിരുന്നു. അതിന് വ്യക്തമായ കാരണങ്ങളുണ്ട്. 

 

 അന്നു്,  യേശുവിനെ അനുഗമിച്ചിരുന്നവർ ഒട്ടുമിക്കവരും ദരിദ്രരും സമൂഹത്തിന്റെ  ഏറ്റവും താഴെക്കിടയിലുള്ള മനുഷ്യരുമായിരുന്നു.  അവരെല്ലാം അന്നുള്ള ഭരണാധികാരികളിൽ നിന്നും മത പുരോഹിതന്മാരിൽ നിന്നും കഷ്ടപ്പാടുകഅനുഭവിക്കുന്നവർ  ആയിരുന്നു. ചൂഷണ വിധേയരായ അവർ എല്ലാവരും അതിൽ നിന്നും  വിടുതൽ ആഗ്രഹിച്ചിരുന്നു. "നിങ്ങളുടെ കുരിശ്  എടുത്ത് എന്നെ അനുഗമിക്കു" എന്ന്  യേശു പറഞ്ഞപ്പോൾ  അവരിൽ പലരും വിശ്വസിച്ചു.  നസ്രായനായ യേശു വാഗ്ദാനം ചെയ്തു പോലെ അവരുടെ കഷ്ടത നിറഞ്ഞ ജീവിതത്തിൽ നിന്നും വിടുതൽ നൽകി 'ദൈവ രാജ്യത്തേക്ക് ' കൊണ്ടുപോകും എന്നു് അവർ അവർ ദൃഢമായി വിശ്വസിച്ചു.


ജൂതമത അധികാരികളുടെ ചൂഷണങ്ങളെയും ജനവിരുദ്ധ പ്രവണതകളെയും യേശു തുറന്നു കാണിച്ചു. അവർ ആരാധനാലയങ്ങൾ വിശ്വാസങ്ങളുടെ  കച്ചവട സ്ഥലങ്ങളും സ്ഥാനങ്ങളും ആക്കിയത് അവൻ ശക്തമായി എതിർത്തു. അതിലൂടെ യേശു അവരുടെ നിലനിൽപ്പിന് തന്നെ ചോദ്യം ചിഹ്നം ആയി മാറി. അതിൽനിന്നും രക്ഷപ്പെടാൻ വേണ്ടി അവർ അവനെ റോമൻ സാമ്രാജ്യത്തിനെതിരെ വിപ്ലവം പറയുന്നതായി ചിത്രീകരിച്ചു. അങ്ങിന യേശു റോമൻ സാമ്രാജ്യത്തിന്റെയും ശത്രുവായി മാറി.  ആ ശത്രുവിനെ നശിപ്പിക്കേണ്ടത് റോമൻ സാമ്രാജ്യത്തിന്റെയും ജൂതമത അധികാരികളുടെയും ആവശ്യമായി മാറി. അവർ യേശുവിനെ രാജ്യദ്രോഹി എന്ന് മുദ്ര കുത്തി .


അതേസമയം യേശു പറഞ്ഞത് നിത്യജീവനിലേക്കുള്ള വഴിയെന്ന് മനസ്സിലാക്കാതെ,  സാധാരണ മനുഷ്യർ അവരുടെ കഷ്ടത നിറഞ്ഞ ജീവിതത്തിൽ നിന്ന് രക്ഷപ്പെടുവാൻ വേണ്ടി അവനെ അനുഗമിച്ചു. അവനെ അനുഗമിക്കുന്നവർ ദിനം തോറും വർധിക്കുന്നത് കണ്ടു് അധികാരികൾ അവനെ  ഒറ്റിലൂടെ ബന്ധിയാക്കി. യരുശലേം ദേവാലയം തകർത്ത് മൂന്ന് ദിവസം കൊണ്ട് പുതുതായി പണിയും എന്ന് പറഞ്ഞ നസ്രായനായ യേശു, ആർക്കെതിരെ ആഹ്വാനം മുഴക്കിയോ അവരുടെ കൈകളാൽ തന്നെ പിടിക്കപ്പെടുകയും പീഢിക്കപ്പെടുകയും ശിക്ഷിക്കപ്പെടുകയും ചെയ്തു.


യേശുവിനെ, റോമാ സാമ്രാജ്യത്തിന്  എതിരെ ഉള്ള രാജ്യദ്രോഹക്കുറ്റം ചുമത്തിയാണ് പൊന്തിയോസ് പിലാത്തോസ് എന്ന അധികാരിയുടെ മുമ്പിൽ യൂദന്മാർ കൊണ്ടുവന്നത്. അവനിൽ കുറ്റങ്ങൾ ഒന്നും കണ്ടില്ലെങ്കിലും, മഹാ പുരോഹിതന്മാരുടെ ശാഠ്യത്തിന് വഴങ്ങി സ്വന്തം കൈകൾ കഴുകി യേശുവിനെ ശിക്ഷിക്കുവാൻ വേണ്ടി ഒരു ക്രൂരനായ കള്ളന് പകരം ജന മധ്യേ പീലാത്തോസ് വിട്ടുകൊടുക്കുകയും ചെയ്യുന്നു. സത്യത്തിനും ധർമ്മത്തിനും ചേരാത്തതാണെങ്കിലും ജനം ന്യായം അങ്ങനെ ആണ് ആവശ്യപ്പെട്ടത്തു്. ആൾക്കൂട്ട ന്യായവിധി എന്നും അങ്ങനെയായിരുന്നു.


യേശു ക്രൂശിൽ ആയ നിമിഷം യേശുവിൻറെ അനുയായികൾ രാജകോപവും ജനകോപവും  ഭയന്ന് നാനാ ദിശകളിലേക്കും ചിതറി, ഓടി ഒളിവിൽ പോകേണ്ടി വന്നതു്.  അതേ ഭീതി കാരണമാകാം ഉറ്റവരും,  ഉടയവരും, എന്ത് വന്നാലും തന്നെ വിട്ടു മാറില്ല എന്ന് ആണ ഇട്ട് പറഞ്ഞവരും, അവനെ മൂന്നു പ്രാവശ്യം തള്ളിപ്പറഞ്ഞതും. അങ്ങനെ ഓടിപ്പോയവരെയും തള്ളിപ്പറഞ്ഞവരെയും അന്നും, ഇന്നും കുറ്റം പറയാൻ  സാധിക്കുകയില്ല.  ഭരണാധികാരികൾക്കെതിരെ എന്തെങ്കിലും പറഞ്ഞാൽ സംഭവിക്കാവുന്ന ഭവിഷ്യത്തുകൾ അത്രത്തോളം ഭയാനകമായിരുന്നു. 


അങ്ങനെയുള്ള ഭയാനകമായ സന്ദർഭത്തിലും  യേശുവിന്റെ ശവശരീരം ഏറ്റു വാങ്ങുവാൻ മുമ്പോട്ടു വരുന്ന രണ്ടു വ്യക്തികളെ വിശുദ്ധ വേദപുസ്തകം നമ്മൾക്ക് പരിചയപ്പെടുത്തി തരുന്നു. ജൂത സമൂഹത്തിൽ വളരെ ഉന്നത ജീവിതം നയിച്ചു കൊണ്ടിരുന്ന അരിമത്യക്കാരനായ ജോസഫ് എന്ന വ്യക്തി തന്റെ പ്രവർത്തികളിലൂടെ നമ്മെ അത്ഭുതപ്പെടുത്തുന്നു. യേശുവിൻറെ കാഴ്ചപ്പാട് ശരിയെന്ന് അറിയാമെങ്കിലും സ്വന്തം സമൂഹത്തിൽ നിന്നും ഉണ്ടാകാൻ സാദ്ധ്യതയുള്ള പ്രത്യാഘാതങ്ങളെ പേടിച്ചു, യേശുവിന്റെ  മരണം വരെ മിണ്ടാതിരുന്ന വ്യക്തിയായിരുന്നു ജോസഫ്. എന്നാൽ യേശുവിൻറെ മരണം അതിനു വ്യക്തമായ മാറ്റം വരുത്തി. ഒരു 'രാജ്യദ്രോഹി ' എങ്കിലും  ക്രിസ്തുവിന്റെ ശവശരീരം ഏറ്റെടുക്കാനുള്ള ചങ്കൂറ്റം ജോസഫ് കാണിക്കുന്നു. സമൂഹത്തിൽ നിന്നും ലഭിക്കാവുന്ന പ്രതികൂല അനുഭവങ്ങൾ എന്തൊക്കെ ആകാം എന്ന് തീർച്ചയായും ആലോചിച്ചതിനു ശേഷം തന്നെയായിരിക്കും ജോസഫ് പീലാത്തോസിനെ സമീപിക്കുന്നത്.

 

നിക്കോദമസ് എന്ന പേരുള്ള വ്യക്തിയാണ് രണ്ടാമത്തെത്. സമൂഹത്തിൽ വളരെ ശ്രേഷ്ഠ സ്ഥാനം ഉള്ള  അദ്ദേഹം ഒരു ജൂതമത പണ്ഡിതൻ കൂടി യിരുന്നു. സ്വർഗ്ഗരാജ്യം പ്രാപിക്കുവാൻ മനുഷ്യൻ രണ്ടാമതും ജനിക്കണം എന്ന് യേശു പ്രസംഗിച്ചത് മനസ്സിലാകാത്തത് കൊണ്ട് "രണ്ടാമത് ഞാൻ എങ്ങനെ ജനിക്കും" എന്ന് അറിയുവാൻ യേശുവിനെ അദ്ദേഹം സമീപിച്ചത് വേദപുസ്തകം വളരെ വ്യക്തമായി രേഖപ്പെടുത്തുന്നു. സ്വജന ഭീതിയിൽ പാതിരാത്രിയുടെ യാമങ്ങളിൽ വേറെ ആരും കാണാതെയായിരുന്നു നിക്കോദമസ് യേശുവിനെ സമീപിച്ചത്. നിക്കോദമസ് യേശുവിൻറെ ശവശരീരം പൊതിയുവാൻ ആവശ്യമുള്ള സാമഗ്രികളും സുഗന്ധദ്രവ്യങ്ങളും കൊണ്ടുവന്നു.


സമൂഹത്തിനെ  ഇത്രയും പേടിയുണ്ടായിരുന്ന രണ്ടുപേർ ക്രിസ്തുവിന്റെ മരണം കൊണ്ട് എങ്ങനെ ധൈര്യശാലികളായി എന്ന് നാം ആലോചിക്കേണ്ടതുണ്ട്. എന്തുകൊണ്ട് 'രാജ്യദ്രോഹി' എന്നു മുദ്രകുത്തപ്പെട്ട യേശുവിന്റെ ശവശരീരം വാങ്ങാൻ അവർ മുന്നോട്ടുവന്നു? ആൾക്കൂട്ട വിധിയുടെ ഇരയായ യേശുവിന് അന്ത്യ ശുശ്രൂഷകൾ നൽകുവാൻ സ്വന്തം ജീവനെ പണയപ്പെടുത്തി മുന്നോട്ട് വന്ന ഈ രണ്ടു വ്യക്തികളെ വേണ്ടവിധം നമ്മളോ, സമൂഹമോ, മതമോ അംഗീകരിച്ചിട്ടുണ്ടോ?



വ്യക്തിജീവിതത്തിലും നമ്മുടെ സാമൂഹ്യ ജീവിതത്തിലും പലപ്പോഴും തെറ്റുകൾ  കാണുകയും,  അറിയുകയും ചെയ്താലും സമൂഹത്തിനെയും കുടുംബത്തിനെയും  പേടിച്ച് അവർക്കെതിരെ എന്തെങ്കിലും പറഞ്ഞാൽ വരാവുന്ന പ്രശ്നങ്ങളെ  പേടിച്ച് മൗനം പാലിക്കുന്നവരാണ് നമ്മളിൽ ഒട്ടു മിക്കവരും. അന്നും അങ്ങനെ ആയിരുന്നു,  ഇന്നും അങ്ങനെ തന്നെ. യഹൂദ സമൂഹത്തിൽ ആയിരങ്ങൾ ഉണ്ടായിരുന്നിട്ടും കേവലം രണ്ടുപേർ മാത്രമാണ് ആ ധൈര്യം കാണിച്ചത് എന്നു ചരിത്രം രേഖപ്പെടുത്തുന്നു. 


നമ്മൾ ഓരോരുത്തർക്കും ശരിയും തെറ്റും അറിയുവാൻ ഉള്ള കഴിവുണ്ട്. പക്ഷേ അതിനുവേണ്ടി നിലപാട് എടുക്കാനോ സംസാരിക്കാനോ ഉള്ള ശക്തി കണ്ടെത്താറില്ല. ജോസഫിനെ പോലെയോ നിക്കോദമസിനെ പോലെയോ  എന്നെങ്കിലും ആ ശക്തി നമ്മളിൽ ആർക്കെങ്കിലും എന്നെങ്കിലും  വരട്ടെ എന്ന് ആഗ്രഹിക്കുന്നു. നമ്മുടെ മുഖത്ത് നോക്കി നമ്മൾ ചെയ്യുന്നത് തെറ്റ് എന്ന് നമ്മളോട് പറയാൻ മനക്കരുത്തുള്ള ആൾക്കാരെ നാം എങ്ങനെ സംബോധന ചെയ്യും ? അവരെ നാം എങ്ങനെ കരുതും ?


ഏത് പ്രശ്നങ്ങൾ ഉണ്ടായാലും അതിനെ നേരിടാൻ വേണ്ടി ഉള്ള അത്രയും മനോബലവും ധൈര്യവും  കാണിച്ച ജോസഫിനും നിക്കോദമസിനും വേണ്ടത്ര അംഗീകാരം അനേകം ഉള്ള ക്രിസ്തു സഭകളിൽ ലഭിക്കുന്നുണ്ടോ ? 


മത ആചാരങ്ങളിൽ അവർക്ക് ഉചിത സ്ഥാനങ്ങൾ ലഭിക്കുന്നുണ്ടോ? മത പണ്ഡിതന്മാർ തീരുമാനിക്കട്ടെ.


ഇല്ലെങ്കിൽ അതിന് സമയമായി!



കടപ്പാട് 

ഉയർപ്പിന് മുമ്പ് ഉള്ള ദുഃഖാചരണ ആഴ്ചയിൽ , ബഹുമാനപ്പെട്ട റവ ഡോക്ടർ എബ്രഹാം കുരുവിള നടത്തിയ പ്രഭാഷണത്തിൽനിന്നും ആശയം കൊണ്ടതാണ് ഈ ലേഖനം


2023 ഏപ്രിൽ 1, ശനിയാഴ്‌ച

സ്വർണ്ണ മുട്ടയിടുന്ന താറാവ് - നമ്മൾ തന്നെ അല്ലേ?

നാം ഓരോരുത്തരും കഥ കേട്ടാണ് വളർന്നത് . കേട്ടുവളർന്ന ഓരോ കഥയും എന്തെങ്കിലും സന്ദേശം നമുക്ക് തന്നിട്ടുമുണ്ട് . ഇതിൽ ഏതെങ്കിലും ഒക്കെ കഥകൾ നമുക്ക് ഓർമ്മയും ഉണ്ടാകും പക്ഷേ അതിൻറെ സാരങ്ങളും അത് നമുക്ക് തന്നിട്ടുള്ള സന്ദേശങ്ങളും ജീവിതത്തിൽ എത്രത്തോളം പകർത്തുവാനും ഉപയോഗിക്കാനും കഴിഞ്ഞു എന്നുള്ളത് ഓരോരുത്തരും തന്നോട് തന്നെ ചോദിക്കേണ്ട ചോദ്യങ്ങളാണ്.


എൻറെ ബാല്യത്തിൽ ഞാൻ കേട്ടിട്ടുള്ളതും  മറക്കുവാൻ അസാധ്യവുമായ രണ്ട് കഥകൾ ഉണ്ട് .  ഒന്ന് പൊന്മുട്ട ഇടുന്ന താറാവിന്റെതും  മറ്റൊന്ന് എല്ല്  നഷ്ടപ്പെടുത്തിയ പട്ടിയുടേതും.


എന്നും ഓരോ പൊന്മുട്ട കിട്ടുന്നത് മതിയാകാതെ താറാവിന്റെ വയറ്റിൽ ഉണ്ടാകാൻ സാധ്യതയുള്ള എല്ലാ മുട്ടകളും കൂടി ഒരു ദിവസം തന്നെ എടുത്ത് വിറ്റ് പെട്ടെന്ന് പണക്കാരനാകാൻ ഉള്ള ദുരാഗ്രഹം മൂത്ത് സ്വന്തം താറാവിനെ കൊന്ന് തന്റെ  ജീവിതം നശിപ്പിക്കുന്ന മഠയനെ ആർക്കു മറക്കാൻ സാധിക്കും?


വീണ് കിട്ടിയതാണെങ്കിലും ഇപ്പോൾ സ്വന്തമായ ഒരു കഷണം എല്ലും കൊണ്ട് നടന്നപ്പോൾ  വെള്ളത്തിൽ കണ്ട പട്ടിയും എല്ലും പ്രതിഫലനം മാത്രമാണ്  എന്ന്  തിരിച്ചറിവ് ഇല്ലാതെ തന്റേതല്ലാത്തതും ഒരിക്കലും സ്വന്തമാക്കാൻ സാധിക്കാത്തതുമായ എല്ലിനു വേണ്ടി കുരച്ചു തന്റെ വായിലിരിക്കുന്നത് കൂടി നഷ്ടപ്പെടുത്തിയ ബുദ്ധി ഹീനനായ ശുനകനെയും മറക്കാൻ ആർക്കെങ്കിലും സാധിക്കുമോ?


മലയാളികൾക്കു നിസ്സാരമായി സാധിക്കും എന്നു പറയാം.


അടുത്തിടെ വന്ന ഒരു ദിനപത്രം വായിച്ചുകൊണ്ടിരുന്നപ്പോൾ കണ്ട ഒരു വാർത്ത  ഈ രണ്ട് കഥകളെയാണ് എൻറെ മനസ്സിലൂടെ കൊണ്ടു വന്നത്.  നമ്മളുടെ നാട്ടിലെ പല സ്ഥിതി വിശേഷങ്ങൾ കാണുമ്പോൾ ഇത് കേവലം കഥകൾ അല്ലായിരുന്നു എന്ന് തോന്നി പോവുകയായിരുന്നു. നമുക്ക് ചുറ്റും എന്നും എപ്പോഴും നടക്കുന്നതും ഒരുപക്ഷേ നമുക്ക് തന്നെ പങ്കുള്ളതുമായ സംഭവങ്ങളെ ഒന്നു മനസ്സ് വെച്ച് നിരീക്ഷിച്ചാൽ ഈ കഥകളൊക്കെ നമ്മൾക്ക് കാണുവാൻ സാധിച്ചു എന്ന് വരും.



ദൈവത്തിൻറെ സ്വന്തം നാട് എന്ന് സ്വയം വിശേഷിപ്പിച്ച് വിനോദസഞ്ചാരികളെ കേരളത്തിലേക്ക് കൊണ്ടുവരാൻ പ്രയത്നിക്കുന്നവരാണ് നമ്മൾ . പ്രകൃതി കനിഞ്ഞ്  നമുക്ക് തന്നിട്ടുള്ള ഇവിടുത്തെ കാലാവസ്ഥയും തനതായ പ്രകൃതീ സൗന്ദര്യവും ടൂറിസം മേഖലയ്ക്ക് വളരെ അനുയോജ്യമാകുന്നു. അതിലുപരി ഇവിടുത്തെ ആശുപത്രികളും അതുപോലെതന്നെ നമ്മുടേത് എന്ന് അഭിമാനത്തോടെ അവകാശപ്പെടാവുന്ന  ആയുർവേദ ചികിത്സ രീതികളും പ്രകൃതി ചികിത്സ മുറകളും മെഡിക്കൽ  ടൂറിസത്തിന് വക നൽകുന്നു. നല്ല രീതിയിൽ നടത്തിയാൽ തായ്‌ലൻഡ്, ശ്രീലങ്ക എന്നീ രാജ്യങ്ങളെ അപേക്ഷിച്ച് കേരളത്തിലെ വിനോദസഞ്ചാര മേഖലയ്ക്ക് ആഗോള വിനോദസഞ്ചാര കമ്പോളത്തിൽ അതിന്റേതായ ഒരു സ്ഥാനം സൃഷ്ടിക്കുവാൻ അനായാസം സാധിക്കും.  ഇത് എല്ലാം നമ്മുടെ സംസ്ഥാനത്തിന് നല്ലൊരു വരുമാന മാർഗവും ആകും. എന്നാൽ നിഷ്പക്ഷ്ടമായും വസ്തുപരമായും  നാം നോക്കുകയാണെങ്കിൽ വിനോദസഞ്ചാര മേഖലയിൽ ഇന്ത്യയിൽ തന്നെ നമ്മുടെ സ്ഥാനം ക്ഷയിക്കുന്നുവോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.


മാർച്ച് 31ന് മലയാള മനോരമ പ്രസിദ്ധീകരിച്ച "സഞ്ചാരികൾ ആരുടെ കൂടെ പോകണം?" എന്ന ലേഖനം ഇങ്ങനെയുള്ള ഒരു വസ്തുതയാണ് നമുക്ക് മുമ്പിൽ വച്ചിരിക്കുന്നത്.  മട്ടാഞ്ചേരിയിൽ ഇറങ്ങുന്ന വിനോദസഞ്ചാരികളെ അവിടെയുള്ള ടാക്സി യൂണിയൻറെ വാഹനങ്ങളിൽ മാത്രമേ പോകാൻ അനുവദിക്കൂ എന്നും, ടൂർ ഓപ്പറേറ്റർ നടത്തുന്ന ബസുകളിൽ കൊണ്ടുപോകാൻ അനുവദിക്കില്ല എന്നും അവിടെ പ്രവൃത്തിക്കുന്ന യൂണിയൻ പറയുന്നതായി ആ ലേഖനം റിപ്പോർട്ട് ചെയ്യുന്നു. അതു് കാരണം വിനോദസഞ്ചാര കപ്പലുകൾ കൊച്ചിയെ ഒഴിവാക്കാൻ സാധ്യതയുണ്ട് എന്നും അതിൽ റിപ്പോർട്ട് ചെയ്യുന്നു.


എത്രയും കുറഞ്ഞ ചിലവിൽ എത്രയും കൂടുതൽ കാണുകയും അനുഭവിക്കുകയും എന്നത് എല്ലാ വിനോദസഞ്ചാരികളുടെയും ആവശ്യമാണ്. ഇത് ലോകമെമ്പാടുമുള്ള എല്ലാവർക്കും അറിയാവുന്ന സത്യമാണ്. സാധാരണയായി ടൂർ ഓപ്പറേറ്റേഴ്സ് വിനോദസഞ്ചാരികളെ 40 മുതൽ 80 വരെയുള്ള കൂട്ടം ആയിട്ടാണ് കൊണ്ടുപോകുന്നത്.  ഇങ്ങനെയുള്ള ടൂർ ഗ്രൂപ്പുകളെ എയർ കണ്ടീഷൻ കോച്ചുകളിൽ ഒരു സ്ഥലത്ത് നിന്നും വേറൊരു സ്ഥലത്തേക്ക് കൊണ്ടുപോകുന്നു. ഒരു ഗ്രൂപ്പിൽ  വരുന്ന എല്ലാ വിനോദസഞ്ചാരികൾക്കും ഒരുമിച്ചു യാത്ര ചെയ്യുവാനും സന്ദർശിക്കുന്ന സ്ഥലങ്ങളെപ്പറ്റി പറഞ്ഞുകൊടുക്കുവാൻ വേണ്ടി ഒരു ബസ്സിൽ ഒരു ഗൈഡിനെ ടൂർ ഓപ്പറേറ്റേഴ്സ് നിയമിക്കാറുണ്ട്. അതുപോലെ തന്നെ പ്രകൃതിസൗന്ദര്യം ആസ്വദിക്കാനുള്ള സൗകര്യങ്ങൾ കാറിനെ അപേക്ഷിച്ചു കൂടതൽ ഉള്ളതു കൊണ്ടും ലോകം ഒട്ടുക്കുമുള്ള ടൂർ ഓപ്പറേറ്റർമാർ എയർകണ്ടീഷൻ കോച്ചുകളെ ആണ്  ഉപയോഗിക്കുന്നത്. ചിലവ് കുറയ്ക്കാനും ലാഭം കൂട്ടുവാനും ഇത് സഹായിക്കുന്നു. ചിലവ് കുറയുമ്പോൾ വിനോദസഞ്ചാരികൾക്ക് ടിക്കറ്റ് നിരക്ക് കുറച്ചു കിട്ടുവാൻ സാധ്യത കൂടുകയും ചെയ്യുന്നു.


പക്ഷേ ഈ കാര്യങ്ങൾ ഒന്നും ഇവിടെയുള്ള യൂണിയന് പ്രശ്നമല്ല. അവർക്ക് ആവശ്യം മട്ടാഞ്ചേരി ഹാർബറിൽ കപ്പലിൽ വന്നിറങ്ങുന്ന വിനോദസഞ്ചാരികൾ എല്ലാം അവരുടെ വണ്ടികളിൽ മാത്രം പോകണമെന്നാണ്. അധികാരികൾ വിളിച്ചുകൂട്ടിയ സന്ധി സംഭാഷണത്തിൽ 50 ശതമാനം പേരേ ബസ്സിൽ പോകാൻ സമ്മതിക്കാം എന്ന് അവർ പറഞ്ഞതായി ആ ലേഖനത്തിൽ തന്നെ പറയുന്നു. ഇവിടുള്ള യൂണിയൻ പറയുന്നത് പ്രകാരം പുറത്തുള്ള ടൂർ ഓപ്പറേറ്റേഴ്സ് നടക്കണം എന്ന് പറയുന്നത് ശാഠ്യം മാത്രമാണ്. ഒരുപക്ഷേ അത് ശാഠ്യം മാത്രമായി തന്നെ നിൽക്കും . കാരണം അവർ കേരളം പോലെ തന്നെ സൗന്ദര്യമുള്ളതും  ഇത്രയും പ്രശ്നങ്ങൾ ഇല്ലാത്തതും ആയ സ്ഥലങ്ങളിലേക്കു പോകാൻ അധികം സമയം വേണ്ട.


വണ്ടികൾ ഓടിക്കുന്നവർക്ക് മാത്രമല്ല വിനോദസഞ്ചാരികളെ കൊണ്ടുള്ള ഗുണം. വിനോദസഞ്ചാര മേഖലയിൽ പ്രവർത്തിക്കുന്ന അനേകം അനുബന്ധിത ഘടകങ്ങൾ ഉണ്ട്. അവിടെ എല്ലാം പ്രാദേശിക തലത്തിൽ തന്നെ നിക്ഷേപങ്ങൾ നടക്കുകയും അതിൽ നിന്ന് വരുമാനം ഉണ്ടാകുന്നതുമുണ്ട്. ഒരു വിഭാഗം ആൾക്കാരുടെ വാശി കാരണം എല്ലാവർക്കും ഉള്ളത് നഷ്ടപ്പെടുവാൻ ഇടയാകും എന്നുള്ളത് സത്യമാണ്. കേരളം വ്യവസായത്തിന് നല്ല സ്ഥലം എന്നൊക്കെ പലരും ആധികാരികമായി പറയുന്നത് കേട്ടിട്ടുണ്ട്. അത് എത്രത്തോളം സത്യമാണെന്ന് അനുഭവങ്ങൾ നാം ഓരോരുത്തരെയും പഠിപ്പിക്കുന്നുണ്ട്. 


സർവീസ്  സെക്ടറിനു കേരളത്തിൽ വളരെയധികം സാധ്യതകൾ ആണ് ഉള്ളത് പക്ഷേ സ്വാർത്ഥ താല്പര്യങ്ങൾക്ക് വേണ്ടി ഒരു സമൂഹത്തിന് കിട്ടാവുന്ന ഗുണങ്ങളെ എല്ലാം ഇല്ലാതാക്കുന്നതായി നമുക്ക് കാണാൻ സാധിക്കും. ലോകമെമ്പാടും വളരെ നന്നായി നടക്കുന്ന കോൾ ടാക്സി സർവീസുകൾ എന്തുകൊണ്ട് കേരളത്തിൽ നടക്കുന്നില്ല എന്ന് നാം ചോദിക്കേണ്ടതുണ്ട്. മീറ്റർ വെക്കാൻ വിസമ്മതിക്കുന്ന, അതോ വെച്ചാലും അത് ഉപയോഗിക്കാതെ അവർക്ക് തോന്നുന്ന ചാർജ്ജ് ഈടാക്കാൻ ശ്രമിക്കുന്ന നമ്മളുടെ ഓട്ടോറിക്ഷ,  ടാക്സി ഡ്രൈവർമാർ മനസ്സിലാക്കേണ്ടത് അവർ  തന്നെ അവരുടെ പ്രവർത്തി കൊണ്ടു വരുമാന സാധ്യതകൾ കുറക്കുകയാണ്. 


സത്യം മനസ്സിലാക്കാനുള്ള കഴിവ് കുറയുകയോ, നഷ്ടപ്പെടുകയോ അല്ലെങ്കിൽ സ്വയം നിർമ്മിച്ച കഥകളിൽ വിശ്വസിച്ച് നടക്കാൻ ഇഷ്ടപ്പെടുകയോ ചെയ്യുന്ന ഒരു സമൂഹം ആയി പ്രബുദ്ധ കേരളം മാറിയോ എന്ന് ചോദിക്കുന്നതിൽ തെറ്റുണ്ടോ? അതോ വരുന്നത് ഒക്കെ സഹിക്കാം എന്ന് പറഞ്ഞ് നിസ്സഹായ അവസ്ഥയിൽ എത്തിയ ഒരു സമൂഹമായി നാം മാറിയോ ?


സ്വർണ്ണ മുട്ടയിടുന്ന താറാവിനെ കൊല്ലുന്നതു്  നിത്യ തൊഴിൽ ആക്കിയതു് പോലെ പ്രവൃത്തിക്കുന്ന നമ്മൾ ഒരു കാര്യം നമ്മോടു തന്നെ ചോദിക്കാം. 


നമ്മൾ ഹോമിക്കുന്ന സ്വർണ്ണ മുട്ടയിടുന്ന താറാവ് നമ്മൾ തന്നെ അല്ലേ? അത് എന്തു കൊണ്ടു  കാണാൻ നമ്മൾക്ക് സാധിക്കുന്നില്ല?


2021 ഓഗസ്റ്റ് 2, തിങ്കളാഴ്‌ച

നന്ദിയും കടപ്പാടും : ആരോട് എന്തിന്?

 

സിംഹവും എലിയും

സിംഹത്തിന്റെയും എലിയുടെയും കഥ കേൾക്കാത്ത ആരും തന്നെ കാണില്ല. മുത്തശ്ശി പറഞ്ഞ  പൊടിപ്പും തൊങ്ങലും  നിറഞ്ഞ അനേകം കഥകളിൽ ഒരു കഥ !

ഉറങ്ങികിടന്ന സിംഹത്തിന്റെ മുകളിൽ വീണിട്ട്  ജീവനുവേണ്ടി യാചിക്കുന്ന എലിയേയും, പരിഹാസത്തോടെങ്കിലും, ദയ കാണിക്കുന്ന സിംഹത്തിനേയും നമ്മുക്ക് അറിയാം. പിന്നെ വലയിൽ കുടങ്ങി ജീവരക്ഷക്കായി നിലവിളിക്കുന്ന സിംഹത്തേയും, നിലവിളി കേട്ട് ഓടിവന്നു സഹായിക്കുന്ന എലിയേയും അറിയാത്തവരില്ല.

അതു പോലെ അതികായകൻമാരായ സിംഹങ്ങളെയും അവരുടെ ദയ കൊണ്ട് രക്ഷപ്പെടുന്ന എലികളെയും, പിന്നെ സിംഹങ്ങൾക്കു താങ്ങും തണലും ആയി വളരുന്ന എലികളെയും നമുക്ക് പരിചയം കാണും! ഒന്നു സൂക്ഷിച്ചു നോക്കിയാൽ നാം തന്നെ സിംഹമോ എലിയോ ഒക്കെ ആയ സന്ദർഭങ്ങളും കാണുവാനും ഒരു പക്ഷേ സാധിച്ചേക്കാം.


നന്ദിയോ കടപ്പാടോ?

കഥയിലെ എലി കാണിച്ചത് നന്ദി ആയിരുന്നോ അതോ കടപ്പാടായിരുന്നോ?ഒരു പക്ഷേ ഈ ചോദ്യം തന്നെ അസ്ഥാനത്താണ് എന്ന് പലരും വിചാരിക്കുന്നുണ്ടാകും. നന്ദിയും കടപ്പാടും തമ്മിൽ എന്തു വ്യത്യാസം?

കിട്ടിയ ഉപകാരങ്ങൾക്ക് എല്ലാം അതുപോലെ തന്നെ പ്രത്യുപകാരം ചെയ്യണം എന്ന് ബാല്യകാലം മുതൽ മനപാഠം ആക്കിയവരാണ് നമ്മളിൽ ഒട്ടു മിക്കവരും. ആ ചിന്താഗതി വച്ചു നോക്കിയാൽ, കിട്ടിയ ഉപകാരങ്ങൾ എല്ലാം വീട്ടേണ്ട കടങ്ങൾ മാത്രമായേ കാണാൻ സാധിക്കുകയുള്ളൂ.  അങ്ങനെ ഉള്ള ചട്ടകൂട്ടിൽ, മനുഷ്യ ബന്ധങ്ങൾ ഇടപാടുകളുടെ പരമ്പര മാത്രo ആയി തീരുന്നു. കടപ്പാടുകളിലൂടെ മാത്രം ഉടലെടുത്ത ബന്ധം, കേവലം കടം വീടുന്നതുവരെ മാത്രമേ ഉള്ളൂ. കടം കൊടുത്തവരും വാങ്ങിയവരും തമ്മിലുള്ള  ബന്ധം കടം തീരുന്നതോടെ അവസാനിക്കുന്നു. അങ്ങനെ ഉള്ള വ്യക്തി ബന്ധങ്ങളിൽ, നന്ദി എന്ന വികാരത്തിന് സാദ്ധ്യത നന്നേ കുറയുന്നു.

നന്ദി കടപ്പാടല്ല. രണ്ടു വ്യക്തികൾ തമ്മിൽ ഉള്ള ആത്മബന്ധമാണ്. അത് ഒരു ഉപകാരത്തിലോ പ്രത്യുപകാരത്തിലോ ഒതുങ്ങുന്നതല്ല. നന്ദി, സ്നേഹം പോലെ ഒരു വികാരമാണ്. കൊടുക്കുവാനോ വാങ്ങുവാനോ സാധിക്കുന്നതല്ല, മറിച്ചു അനുഭവിച്ച് മാത്രം അറിയണ്ടതാണ്. ഒരു പക്ഷേ സ്നേഹത്തിൻറെ തന്നെ വേറെ ഒരു ഭാവമാണ് നന്ദി, ഓരോ വ്യക്തിയുടെയും മനസ്സിൻറെ നന്മയുടെ പ്രതീകം. സ്നേഹവും നന്ദിയും എങ്ങനെ  പ്രകടിപ്പിക്കണം എന്നുള്ളതു്തി കച്ചും വ്യക്തിപരമായ തീരുമാനമാണ്.


നന്ദി ആരോട്

രെങ്കിലും നമുക്ക് വേണ്ടി ചെയ്യുന്ന നല്ല പ്രവർത്തികൾക്ക് വേണ്ടിയോ, അല്ലെങ്കിൽ പറയുന്ന നല്ല വാക്കുകൾക്ക് വേണ്ടിയോ ആണ് നാം സാധാരണ നന്ദി കാണിക്കുന്നതു്. ഇത് നന്ദിയുടെ അപൂർണ രൂപം ആകുന്നു. നമ്മുടെ സ്നേഹിതരും ഉറ്റവരും നമ്മേയും നമ്മളുടെ ഏതു കുറവുകളേയും സഹിക്കുന്നവരാണ്. അതുകൊണ്ട് തന്നെ അവർ ആരും സാധാരണയായി അതൊന്നും ചൂണ്ടി കാണിക്കാറുമില്ല. പക്ഷേ മറ്റുള്ളവർ അങ്ങനെ ആകണമെന്നില്ല. ഒട്ടു മിക്കവരും നിസംഗതയോടെ ആയിരിക്കും നമ്മേ വീക്ഷിക്കുന്നത്. പക്ഷേ നമ്മുടെ ശത്രുക്കൾ അങ്ങനെ അല്ല.

നമ്മളെ ദുഷിക്കാനും, നമ്മൾക്ക് പ്രയാസങ്ങൾ ഉണ്ടാക്കുവാനും, പ്രതിസന്ധികൾ സൃഷ്ടിക്കുവാനും ഈക്കൂട്ടർ സദാ ശ്രമിക്കുന്നവരാണ്. നമ്മളുടെ തെറ്റുകളും കുറ്റങ്ങളും കുറവുകളും ഏറ്റവും നന്ദായി മറ്റുള്ളവർക്കും അതുപോലെ തന്നെ നമ്മൾക്കും കാണിച്ച് തരുന്നത് ഇവർ തന്നെ അല്ലേ? അതിലൂടെ നമ്മുടെ കഴിവും കഴിവുകുറവും നമ്മുക്ക് പരിചയപ്പെടുത്തുന്നതും  ഇവരല്ലേ? നമ്മളുടെ ജീവിതത്തിൻറെ ദിശ പോലും തീരുമാനിക്കാൻ ഉറ്റവരേക്കാളും ഇവരാണ് സഹായിക്കുന്നതു്. എങ്ങനെ നോക്കിയാലും,  നമ്മുടെ ജീവിതത്തിൽ ഇവരുടെ പ്രഭാവം ഒട്ടും കുറവല്ല.   അങ്ങനെയുള്ളവർ നമ്മളുടെ നന്ദി അർഹിക്കുന്നില്ലേ? അവരും നന്ദിക്ക് അർഹരാണ്!

ഇത്തരക്കാരെ  നാം ശത്രുക്കളായി ആണ് സാധാരണ കാണുന്നതു്. അത് കൊണ്ടാണ്  അവരോട് നന്ദി കാണിക്കാൻ നമ്മൾ പ്രയാസപ്പെടുന്നത്. നന്ദിക്കും നിന്ദക്കും തമ്മിൽ ഉള്ള വിത്യാസം നമ്മുടെ കാഴ്ചപ്പാട് മാത്രമാണ്.


പ്രതീക്ഷാ ഭംഗം

നമ്മൾ ആരോടെങ്കിലും സഹായം ചോദിക്കുമ്പോൾ അവരിൽ നിന്നും എന്ത് കിട്ടും അല്ലെങ്കിൽ കിട്ടണം എന്ന് കണക്കു കൂട്ടിയിട്ടാണ് ചെയ്യാറുള്ളത്. പലരും സഹായം ചോദിക്കാൻ മടിക്കുന്നവരാണ്. പക്ഷേ,  ചോദിക്കാതെ സഹായം പ്രതീക്ഷിക്കുന്നവരുമാണ്. ചോദിച്ചിട്ടാണെങ്കിലും അല്ലെങ്കിലും, പ്രതീക്ഷയ്ക്കു ഒപ്പം ഉയരാൻ അവർക്ക് കഴിഞ്ഞില്ലെങ്കിൽ നമുക്ക് അവരോട് നന്ദി കാണിക്കാൻ പ്രയാസമുണ്ടാകും. അവർ തന്നതിലുപരി, തരാത്തതിനെപ്പറ്റി ആയിരിക്കാം നമ്മൾ കൂടുതൽ വ്യാകുലപ്പെടുന്നത്. അവരുടെ പ്രയാസങ്ങളെ പറ്റിയോ, അവരുടെ അവസ്ഥയുടെ യാത്ഥാർത്ത്യങ്ങളെ പറ്റിയോ നാം ചിന്തിക്കാറില്ല. ചിന്തിച്ചാലും അത് നമ്മുടെ കണക്ക് കൂട്ടലുകൾ മാത്രം ആയിരിക്കും.


കിട്ടുന്നതെല്ലാം പ്രതീക്ക്ഷിച്ചതുമായി  താരതമ്യം ചെയ്തു തുടങ്ങിയാൽ  ഒരു പക്ഷേ ഒട്ടു മിക്കതും പ്രതീക്ഷാ ഭംഗങ്ങൾ തന്നെ ആകാനാണ് സാദ്ധ്യത. അത് സ്വഭാവം ആക്കി മാറ്റുന്നവർ നന്ദി കാണിക്കുവാൻ കഴിവില്ലാത്തവരായി മാറും.  നമ്മുടെ സമൂഹത്തിൽ ഇങ്ങനെയുള്ളവർ വളരെ അധികം ഉണ്ട്. സമാധാനവും സന്തോഷവും ഇവരുടെ ഏഴയലത്തുപോലും വസിക്കുവാൻ വരുകയില്ല.


നന്ദി എന്ന നിക്ഷേപം

നന്ദി, മനോഹരമായ ഒരു മാനസികാവസ്ഥ ആണ്. വിതയ്ക്കുന്നതിലും വളരെയധികം കൊയ്യുവാൻ സാധിക്കുന്ന ഒരു നിക്ഷേപം. എന്തിനും മുതൽ മുടക്കും ലാഭവും  കണക്കു കൂട്ടി നോക്കുന്ന ഒരു സമൂഹത്തിൽ നന്ദി എന്ന ലളിത നിക്ഷേപം എന്തു കൊണ്ട് മനുഷ്യൻ കാണുന്നില്ല?

നന്ദി  എന്ന സ്വഭാവ ഗുണം ജന്മനാ കിട്ടിയിട്ടിലെങ്കിലും സ്വയം വളർത്തുവാൻ സാധിക്കുന്നതാണ്. ജീവിതത്തിൽ സമാധാനവും സന്തോഷവും വേണമെങ്കിൽ നന്ദി എന്നെയൊരു സ്വഭാവം വളർത്താൻ ആദ്യം ശ്രമിക്കുക.

കേണൽ പണിക്കരെ ഞെട്ടിച്ച മലയാളി

  "സർ, ഞാൻ ഞെട്ടിപ്പോയി. എന്റെ കണ്ണു നിറഞ്ഞു സർ" കേണൽ പണിക്കർ എന്നോട് പറഞ്ഞു. കേണൽ പണിക്കർ ഞെട്ടിയാൽ നമ്മൾ മലയാളികൾ എന്തു ചെയ്യണം?...